Thursday, April 26, 2012

കളിപ്പുര




"ഞമ്മക്ക്‌ കുടീം പെരീം കളിക്കാം" മിന്നു മോളുടെ ശബ്ദമാണ്...


ഞാന്‍ മാതൃഭൂമിയോടുള്ള സ്വകാര്യം പറച്ചില്‍ നിര്‍ത്തി തിരിഞ്ഞ് നോക്കുമ്പോള്‍ മിന്നുവിന്‍റെ നേതൃത്വത്തിലുള്ള കുട്ടിപ്പട കുറെ ചിരട്ടകള്‍,ഇലകള്‍,കല്ലുകള്‍ എന്നിത്യാദി സാധനങ്ങളുമായി റെഡിയായി നില്‍ക്കുന്നു.


മിന്നു എന്‍റെ അടുത്ത വീട്ടിലെ അബ്ദുക്കയുടെ മോളാണ്, എന്‍റെ കുഞ്ഞനിയത്തി മുത്തോളുടെ കൂട്ടുകാരി.അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ ചെങ്ങായ്ച്ചി.


സ്കൂള്‍ വിട്ട് വന്നാല്‍ എത്രയും വേഗം ചായയും പലഹാരവും കഴിച്ച് അവരെല്ലാം ഞങ്ങളുടെ വീട്ടു മുറ്റത്ത്‌ ഒത്തു കൂടും.ഇനിയുമുണ്ട്‌ അവരുടെ ഗ്രൂപ്പ് മെമ്പര്‍മാര്‍.മേലെ വീട്ടിലെ ശംസുക്കയുടെ മോള്‍ ഷാഹിദ,ഹനീഫ മുസ്ല്യാരുടെ മോള്‍ പൊന്നു,ഹംസക്കയുടെ മോള്‍ മോളുട്ടി ഇവരൊക്കെയാണ് കമ്മിറ്റി അംഗങ്ങള്‍. ഇവരെ കൂടാതെ അവധി ദിവസങ്ങളിലും മറ്റും മാത്രം പ്രത്യക്ഷപ്പെടുന്ന ചില വിസിറ്റിംഗ് മെമ്പര്‍മാര്‍ വേറെയും ഉണ്ട്.


എല്ലാവരും ഏകദേശം സമപ്രായക്കാര്‍.രണ്ടാം ക്ലാസ്സിലും മൂന്നാം ക്ലാസ്സിലും പഠിക്കുന്നവര്‍, അതില്‍ മോളുട്ടിയാണ് ഏറ്റവും ഇളയത്.അവള്‍ സ്കൂളില്‍ പോവാറായിട്ടില്ല,വീടിനടുത്തുള്ള അങ്കണവാടിയില്‍ പോവുന്നുണ്ട്.


മിന്നു മോള്‍ ആണ് അവരുടെ ലീഡര്‍.എല്ലാം കൊണ്ടും ഒരു ലീഡര്‍ ആവാനുള്ള കഴിവുണ്ട് അവള്‍ക്ക്.ചിലപ്പഴെങ്കിലും ലീഡറുടെ തീരുമാനങ്ങള്‍ സഹപാഠികള്‍ വിവര്‍ണ്ണ മുഖവുമായി തിരസ്ക്കരിക്കും.അപ്പോഴൊക്കെ അവരുടെ പരാതികള്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കാനും അതിനെല്ലാം അര്‍ഹമായ പരിഗണന നല്‍കി വ്യക്തമായൊരു തീരുമാനത്തില്‍ എത്താനുമുള്ള മിന്നു മോളുടെ കഴിവ്‌ പ്രശംസനീയം തന്നെ.


ഇന്നിപ്പോള്‍ കുടീം പെരീം കളിക്കാം എന്നാണ് മിന്നു പറഞ്ഞിരിക്കുന്നത്.മറ്റുള്ളവര്‍ അത് ചിലപ്പോള്‍ സമ്മതിക്കില്ല.പോന്നു ഇടക്ക് കയറി പറയുന്നത് കേട്ടു.


"അത് മാണ്ട, ഞമ്മക്ക്‌ ടീച്ചറും കുട്ട്യാളും കളിക്കാം"


അതിനോട് ഷഹീദ മോള്‍ക്കും യോചിപ്പില്ല, അവള്‍ പറയുന്നു "ടീച്ചറും കുട്ട്യാളും ഇന്നലെ കളിച്ചില്ലേ..? ഇന്ന് കുടീം പെരീം ആയിക്കോട്ടെ.."


മിന്നു മോളുടെ മുഖം ഒന്ന് തെളിഞ്ഞു, എന്‍റെ കൂടെ ഒരാളെങ്കിലും ഉണ്ടല്ലോ..


എന്നാല്‍ ഇതുവരെ ഒന്നും അറിയാത്ത പോലെ വായും പൊളിച്ചിരുന്ന മുത്തോളുടെ അഭിപ്രായം പെട്ടെന്നാണ് വന്നത് "ഞമ്മക്ക്‌ ഉമ്മയും കുട്ട്യാളും കളിച്ചാ മതി"


ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിലാണ് മിന്നു മോളുടെ നേതൃപാടവം തെളിയുക.അവള്‍ എല്ലാവരോടുമായി പറഞ്ഞു "എടീ..ഇന്നലെ തന്നെ ടീച്ചറും കുട്ട്യാളും കളിച്ചിട്ട് മുയ്‌വനായില, ടീച്ചറും കുട്ട്യാളും ഞമ്മക്ക്‌ ഞാറായ്ച്ച കളിച്ചാം..


"ആ.. അയ്‌ക്കോട്ടെ..അയ്‌ക്കോട്ടെ..ഇന്ന് കുടീം പെരീം മതി" ഇതു പറഞ്ഞത്‌ ഇതു വരെ പ്രതിപക്ഷത്തായിരുന്ന മുത്തോളാണ്.അത് എല്ലാവരും കയ്യടിച്ചു സ്വീകരിച്ചു.അതോടെ അന്നത്തെ കളി ഏതെന്നുള്ള തര്‍ക്കം തീര്‍ന്നു.


ഇതൊക്കെ നടക്കുമ്പോഴും മോളുട്ടി ഒന്നും മനസ്സിലാവാതെ സംസാരിക്കുന്നവരുടെ മുഖത്തേക്ക് നോക്കി ഇരിക്കുകയാണ്.അവള്‍ ഇതിലൊന്നും അഭിപ്രായം പറയാന്‍ ആയിട്ടില്ല.കളി ഏതായാലും അതൊന്നും അവള്‍ക്കൊരു പ്രശ്നവും അല്ല.


ഞാന്‍ പൂമുഖത്ത് നിന്നും പതുക്കെ എന്‍റെ മുറിയിലേക്ക്‌ പോന്നു, അതിനു കാരണം ഉണ്ട്.ഏതു കളിയാണെങ്കിലും ഇടക്ക് പാട്ടും ഡാന്‍സും, ടീച്ചറുടെയും കുട്ടിയുടെയും സംഭാഷണങ്ങളുമൊക്കെ ഉണ്ടാവും.ഞാന്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നിയാല്‍ അതിന്‍റെ ഊര്‍ജ്ജസ്വലത കുറയുകയും ഒരു ഒഴുക്കന്‍ മട്ടില്‍ ആവുകയും ചെയ്യും.എന്‍റെ മുറിയില്‍ ആണെങ്കില്‍ തന്നെയും അവരുടെ സംസാരങ്ങളും തര്‍ക്ക വിതര്‍ക്കങ്ങളും എല്ലാം എനിക്ക് ശരിയായി തന്നെ കേള്‍ക്കാം.


സത്യത്തില്‍ ഈ കുടിയും പുരയും, ടീച്ചറും കുട്ടിയും, ഉമ്മയും മക്കളും എന്നൊക്കെയാണ് പേരെങ്കിലും സംഗതി എല്ലാം ഒന്ന് തന്നെ. കുടീം പെരീം എന്നാല്‍ അവര്‍ അനുയോജ്യമായ രൂപത്തില്‍ രണ്ട് ഗ്രൂപ്പ്‌ ആവും. അതായത്‌ രണ്ട് കുടുംബങ്ങള്‍.ഒരു കുടുംബം മുറ്റത്തിന്‍റെ കിഴക്ക് വശത്തും മറ്റൊന്ന് പടിഞ്ഞാറു വശത്തും.അവിടെയും ഉണ്ട് ചില നിസ്സാര തര്‍ക്കങ്ങള്‍.


"ഞാനും മുത്തോളും ഒരു കുടീല്.."


എന്ന് പൊന്നു പറയുമ്പോള്‍ അത് ഷഹീദ മോള്‍ക്ക്‌ സ്വീകാര്യമല്ല. അപ്പോഴാണ് മിന്നുവിന്‍റെ ഇടപെടല്‍..


"അത് സാരല്യടീ..ഞമ്മക്ക്‌ മോളുട്ടി ഇല്ലേ..?"


"ആ..അയ്ക്കോട്ടെ.." ഷഹീദ മോള്‍ക്ക്‌ സമ്മതമായി.


ഈ പരാതിയും പരിഭവങ്ങളും അവസാനം വരെ കാണും.


ഞാന്‍ എന്‍റെ മുറിയില്‍ കിടന്ന് ഇതെല്ലാം കേട്ട് ആസ്വദിക്കുകയാണ്...


അങ്ങിനെ 'കുടീം പെരീം' കളി തുടങ്ങി. മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന മിന്നു മോളുടെ ഉമ്മ ഇന്ന് മൂന്ന്‍ വയസ്സുള്ള മോളുട്ടിയാണ്.അപ്പോഴാണു ബഹു രസം.ഉമ്മക്ക് കുട്ടി പറഞ്ഞ് കൊടുക്കും, ഉമ്മ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന്.


"ജ്ജ് ഞങ്ങളോട് ബേഗം കുളിച്ച് സ്കൂളില്‍ പോഗാന്‍ പറ" മിന്നു ഉമ്മക്ക് നിര്‍ദേശംനല്‍കി.


അതായത്‌ വേഗം കുളിച്ച് സ്കൂളില്‍ പോവാന്‍ നീ ഞങ്ങളോട് പറയ്‌ എന്ന്.


മൂന്ന്‍ വയസ്സായ ഉമ്മക്ക് ചിലപ്പോള്‍ ഒന്നും മനസ്സിലാവില്ല.ആ പാവം ഉമ്മ അന്തം വിട്ടങ്ങിനെ നോക്കി നില്‍ക്കും.അപ്പോള്‍ കുറച്ചപ്പുറത്തുള്ള വീട്ടില്‍ നിന്നും വിളിച്ച്‌ പറയും "മോള്‍ട്ടീ.. അങ്ങിനെയല്ല, ഇങ്ങിനെ എന്ന്"


അങ്ങേ വീട്ടില്‍ ഇന്ന് മുത്തോള്‍ ആണ് ഉമ്മ.അവിടെ നിന്ന് പോന്നുവും സ്കൂളിലേക്ക് പോവാനുള്ള തയ്യാറെടുപ്പിലാണ്.മുറ്റത്തിനപ്പുറത്തുള്ള തൊടിയിലെ മാവിന്‍ ചുവട്ടിലാണ് അവരുടെ സ്കൂള്‍.മോള്‍ട്ടിയുടെ മക്കളായ മിന്നു മോളും, ഷഹീദ മോളും മുത്തോളുടെ മോളായ പോന്നുവും അങ്ങിനെ സ്കൂളിലെത്തി.അവിടെ എത്തുമ്പോള്‍ മിന്നു മോള്‍ ടീച്ചര്‍ ആയി മാറും. മറ്റ് രണ്ട് പേരും വിദ്യാര്‍ത്ഥികളും.ഒരു എല്‍.പി സ്കൂളിലെ രസകരമായ രംഗങ്ങളെല്ലാം ആ മാവിന്‍ചുവടു സ്കൂളില്‍ കാണാം.വികൃതി കാണിക്കുന്ന കുട്ടികള്‍,അവര്‍ക്ക് സന്മാര്‍ഗം നല്‍കുന്ന ടീച്ചര്‍,ഇടക്ക് കവിതാ പാരായണം,കഥ പറയല്‍,പരീക്ഷ തയ്യാറെടുപ്പ്...അങ്ങിനെ എല്ലാം.ഇടക്ക് സ്കൂള്‍ കലാമേള ഉണ്ടാവും, അപ്പോള്‍ മിന്നു പിന്നെയും ഒരു വിദ്യാര്‍ത്ഥിനി ആയി മാറി പാട്ടും ഡാന്‍സുമെല്ലാം അവതരിപ്പിക്കും.


ഇതൊക്കെ നടക്കുമ്പോള്‍ താഴെ രണ്ട് വീട്ടിലെ ഉമ്മമാരും തമ്മില്‍ ഫോണ്‍ വിളിയാണ്.


"അവിടെ ഉപ്പാക്കും ഉമ്മാക്കും പ്രത്യേകിച്ച് അസുഖം ഒന്നും ഇല്ലല്ലോ..എന്നാ ശരി..വെക്കട്ടെ..മക്കള്‍ സ്കൂള്‍ വിട്ട് വരാറായി, ചായയും കടിയും ഉണ്ടാക്കണം"


ആരും പഠിപ്പിക്കാതെ തന്നെ തങ്ങളുടെ മനസ്സില്‍ പതിഞ്ഞ ഉമ്മയുടെയും മറ്റ് വീട്ടുകാരുടെയം ചലനങ്ങള്‍ അതേ ഭാവപ്പകര്‍ച്ചയോടെ അനുകരിക്കുന്ന ആ കൊച്ചു ഉമ്മയും മക്കളും എന്നും എനിക്കൊരു നേരം പോക്കായിരുന്നു.


കുടിയും പുരയും കളി അങ്ങിനെ തകൃതിയായി നടക്കുകയാണ്.ഇനി ടീച്ചറും കുട്ട്യാളും ആണെങ്കിലും, ഉമ്മയും കുട്ടിയും ആണെങ്കിലും ഇതൊക്കെ തന്നെയാണ് കളികള്‍.അപ്പോള്‍ സ്കൂള്‍ ആദ്യം തുടങ്ങും, എന്നിട്ട് സ്കൂള്‍ വിട്ട് വീട്ടില്‍ എത്തിയാല്‍ അത് കുടിയും പുരയും ആവും.ഏതു കളിയാണ്‌ വേണ്ടതെന്ന അവരുടെ തര്‍ക്കം കേട്ടാല്‍ തോന്നും അതെല്ലാം ആനയും ആടും തമ്മിലുള്ള വിത്യാസം ഉണ്ടെന്ന്.


മനസ്സ് പതുക്കെ ഓര്‍മ്മകള്‍ ചികയുകയാണ്.ഇത് പോലെ കുടിയും പുരയും,കള്ളനും പോലീസും,തലപ്പന്തും ഒക്കെ കളിച്ച കുട്ടിക്കാലത്തിലേക്ക്...ഞങ്ങള്‍ ആണ്‍ കുട്ടികള്‍ക്ക്‌ വീട് വെച്ചുള്ള കളിയേക്കാള്‍ പ്രിയം കള്ളനും പോലീസും കളി,ഗോലി കളി,തലപ്പന്ത് കളി.. ഇതൊക്കെയായിരുന്നു.എന്നാലും ഉമ്മയുടെ സഹായത്തോടെ ഞങ്ങള്‍ കളിപ്പുര ഉണ്ടാക്കും. പഴയ പ്ലാസ്റ്റിക്‌ ചാക്കുകള്‍,ഉപയോഗ ശൂന്യമായ തെങ്ങിന്‍ ഓല,കവുങ്ങിന്‍ ഓല തുടങ്ങിയവ കൊണ്ട്.അതിന്‍റെ നടുഭാഗം മറച്ച് രണ്ട് മുറി ആക്കും.അന്നും ഇതുപോലെ തന്നെ, രണ്ട് കടുംബങ്ങള്‍ ആയിട്ടായിരുന്നു കളി. ഇന്നത്തെ ആണ്‍ കുട്ടികള്‍ക്ക്‌ ഇത്തരം കളികളില്‍ താല്‍പ്പര്യം കുറവായത് കൊണ്ട് ഉപ്പയില്ലാത്ത കുടുംബങ്ങളാണ് മിന്നു മോളുടെയും മുത്തോളുടെയുമൊക്കെ കുടുംബങ്ങള്‍.അന്ന് ഞാനും അടുത്ത വീട്ടിലെ ബാബുവും ഒക്കെയാവും ഉപ്പമാര്‍.


ഓര്‍മ്മകള്‍ പതിയെ അവളെ തേടുകയാണ്...എന്‍റെ പ്രിയപ്പെട്ട കളിക്കൂട്ടുകാരി ജെസിയെ..


ഞാന്‍ ഉപ്പയാവുമ്പോള്‍ അവളാവും ഉമ്മ. ചിരട്ടയില്‍ മണ്ണപ്പം ചുട്ടും, കളിച്ചോറു വെച്ചും അവള്‍ നല്ല ഒരു വീട്ടുകാരി ആവും. മക്കളെ കുളിപ്പിക്കും,സ്കൂളില്‍ അയക്കും,അവരെ പഠിത്തത്തില്‍ സഹായിക്കും.


ഇതിനിടയില്‍ മടിയില്‍ സൂക്ഷിച്ച കണ്ണിമാങ്ങയോ,പലഹാരമോ മറ്റോ ആരും കാണാതെ എനിക്ക് തരും.ഞങ്ങള്‍ ആറോ ഏഴോ പേരുണ്ടാവും, പക്ഷെ ആ സമ്മാനം എനിക്ക് മാത്രമുള്ളതാണ്. സ്കൂളില്‍ നിന്ന് കൂട്ടുകാരികള്‍ കൊടുത്തതാവാം,അല്ലെങ്കില്‍ വഴിയരികിലെ മാവിന്‍ ചുവട്ടില്‍ നിന്ന് പെറുക്കിയതാവും, ചിലപ്പോള്‍ വൈകുന്നേരം ചായക്കുള്ള പലഹാരത്തിന്‍റെ കഷ്ണം ആവും.. അത്രക്ക് ജീവനായിരുന്നു ജെസിക്ക് ഞാന്‍.കളിപ്പുരയിലെ തിരക്കൊക്കെ കഴിഞ്ഞാല്‍ അവള്‍ സ്കൂളിലെ വിശേഷങ്ങള്‍ ഓരോന്നായി പറയും.എന്‍റെ വിശേഷങ്ങള്‍ ഞാനും പങ്ക് വെക്കും.. അന്‍വറുമായി വഴക്ക് കൂടിയതും,ക്ലാസ്സില്‍ ഉത്തരം പറഞ്ഞതിന് ഉണ്ണികൃഷ്ണന്‍ മാഷ്‌ കളര്‍ ചോക്ക്‌ തന്നതും,വരുന്ന വഴിക്ക്‌ വെള്ള കാര്‍ കണ്ടതും..എല്ലാം..


ഞങ്ങളൊക്കെ ഹൈസ്കൂളില്‍ എത്തിയെങ്കിലും അന്നും എന്‍റെ വിശേഷങ്ങളൊക്കെ ജെസിക്കും അവളുടെ വിശേഷങ്ങളൊക്കെ എനിക്കും കൂടിയുള്ളതായിരുന്നു.എത്ര വൈകിയാലും ഒരു നോക്ക് കാണാത്ത ദിവസങ്ങള്‍ ഉണ്ടായിട്ടുണ്ടാവില്ല..അഥവാ അങ്ങിനെ ഉണ്ടായാല്‍ വൈകീട്ട് എന്‍റെ ഇത്തയെ കാണാനെന്നും പറഞ്ഞ് അവള്‍ വീട്ടില്‍ വരും.


"പുതുമാരന്‍ സമീറിന്‍റെ..പൂമാല ചൂടിയ പെണ്ണ്..."


മിന്നു മോളുടെ ഒപ്പനപ്പാട്ടാണ് ഓര്‍മ്മയില്‍ നിന്ന്‍ എന്നെ തട്ടിയുണര്‍ത്തിയത്.മേലെ തൊടിയില്‍ കുടിയും പുരയും,സ്കൂളും ടീച്ചറും കളിയെല്ലാം തീര്‍ന്നിരിക്കുന്നു. ഇപ്പോള്‍ ഒപ്പന നടക്കുകയാണ്.ഞാന്‍ ജനല്‍ പാളി പതുക്കെ തുറന്ന് നോക്കി.ഇത് വരെ ഉമ്മയായിരുന്ന മോളുട്ടി മണവാട്ടിയായിരിക്കുന്നു.


മനസ്സ്‌ വീണ്ടും ഓര്‍മ്മകളിലേക്ക് ഊളിയിട്ടു...


ഏഴു വര്‍ഷം മുമ്പത്തെ ആ കല്യാണ വീട്ടിലേക്ക്‌.പ്രിയ കൂട്ടുകാരി ജെസിയുടെ നിക്കാഹാണ്.പുത്യാപ്ലയുടെ വീട്ടുകാര്‍ അണിയിച്ച പുതു വസ്ത്രങ്ങളെല്ലാം കൊണ്ട് അണിഞ്ഞൊരുങ്ങിയ പുതുപെണ്ണ്‍ പന്തലില്‍ ഇരിക്കുന്നു..കയ്യിലുള്ള തൂവാല കൊണ്ട് തുടച്ചിട്ടും അവളുടെ കണ്ണുനീര്‍ നില്‍ക്കുന്നില്ല.ആ നിറഞ്ഞ കണ്ണുകള്‍ ആരെയോ തിരയുന്ന പോലെ.. ഞാന്‍ പതുക്കെ പന്തലിനു പിറകിലേക്ക്‌ മാറി..അറിയാതെ എന്‍റെ കണ്ണുകളും നിറഞ്ഞു..


എല്ലാവരോടും സലാം പറഞ്ഞ് ഇറങ്ങുമ്പോഴും ആ മുഖത്ത് ആരോടോ യാത്ര പറയാന്‍ ബാക്കിയുള്ളതിന്‍റെ നിറഞ്ഞ ദുഃഖം ഞാന്‍ വായിച്ചെടുത്തു..പുതു പെണ്ണിനായി ഒരുക്കിയ കാറില്‍ അവള്‍ യാത്രയാവുന്നത് നിറ കണ്ണുകളോടെ ഞാന്‍ നോക്കി നിന്നു..ഞാന്‍ നിയന്ത്രണം വിട്ട് പോവുമെന്ന്‍ തോന്നി.ആരും കാണാതെ കണ്ണുകള്‍ തുടച്ച് വേഗം വീട്ടിലേക്കോടി..മുറിയില്‍ കയറി വാതില്‍ അടച്ചു..ആരും കാണാതെ,കേള്‍ക്കാതെ ഒരുപാടു കരഞ്ഞു..ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കരഞ്ഞ ആ കറുത്ത ദിനം..


"അള്ളാഹു അക്ബര്‍..അള്ളാഹു അക്ബര്‍.."


പള്ളിയില്‍ നിന്ന് മഗ്‍രിബ് ബാങ്ക് വിളിക്കുന്നു.മുറ്റത്തെ കളിക്കൂട്ടുകാരികളുടെ ഒന്നിച്ചുള്ള ശബ്ദം.


"ബാങ്ക് കൊടുത്തു...കളി തീര്‍ന്നേ..."


ശരിയാണ്..കളിയെല്ലാം തീര്‍ന്നിരിക്കുന്നു..ഇപ്പോള്‍ എല്ലാം കാര്യമാണ്..


ഞാന്‍ ഓര്‍മ്മകളുടെ പടികളില്‍ നിന്ന്‍ യാഥാര്‍ത്ഥ്യത്തിന്‍റെ മുറ്റത്തേക്കിറങ്ങി പള്ളിയിലേക്ക്‌ നടന്നു...